അടൽ സേതുവിന് മുകളിൽ നിന്ന് താഴേക്ക് ചാടി വ്യവസായി ജീവനൊടുക്കി; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമെന്ന് അധികൃതർ

Update: 2024-10-03 09:08 GMT


മുംബൈ: മുംബൈയിലെ അടൽ സേതുവിന് മുകളിൽ നിന്ന് താഴേക്ക് ചാടി 52 വയസുകാരനായ വ്യവസായി ജീവനൊടുക്കി. അദ്ദേഹം കാറോടിച്ച് പാലത്തിന് മുകളിൽ എത്തി വാഹനം നിർത്തി പുറത്തിറങ്ങിയ ശേഷം കടലിലേക്ക് ചാടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബുധനാഴ്ചയായിരുന്നു ഈ സംഭവം നടന്നത്.

മൂന്ന് ദിവസം മുമ്പാണ് ഒരു പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥൻ ഇതുപോലെ അടൽ സേതുവിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്തത്.

ഇപ്പോഴിതാ ഫിലിപ്പ് ഷാ എന്ന വ്യവസായിയാണ് ബുധനാഴ്ച തന്റെ സെഡാൻ കാറിൽ അടൽ സേതു പാലത്തിൽ എത്തിയത്. കാർ നിർത്തിയ ശേഷം പുറത്തിറങ്ങുകയായിരുന്നു.

അടൽ സേതുവിലെ സിസിടിവി കൺട്രോൾ റൂമിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ക്യാമറകളിലൂടെ ഇത് കണ്ടയുടൻ തന്നെ സുരക്ഷാ സേനയെയും രക്ഷാപ്രവ‍ർത്തകരെയും വിവരം അറിയിച്ചു.

വ്യവസായി പാലത്തിൽ നിന്നും കടലിലേക്ക് ചാടിയ സ്ഥലത്ത് പരിശോധന നടത്തി. ഇയാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാറിൽ നിന്നും കണ്ടെത്തിയ ആധാർ കാർഡ് പരിശോധിച്ചാണ് വ്യവസായിയുടെ വിവരങ്ങൾ ശേഖരിച്ചത്.

തുടർന്ന് ബന്ധുക്കളുമായി ബന്ധപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Tags:    

Similar News