മൃഗക്ഷേമ മന്ത്രാലയത്തില്‍ നിയമനം നടത്താതെ കേന്ദ്രസര്‍ക്കാര്‍; 61 ശതമാനം ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രമന്ത്രി
മൃഗക്ഷേമ മന്ത്രാലയത്തില്‍ നിയമനം നടത്താതെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മൃഗക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിയമനം നടത്താതെ കേന്ദ്രസര്‍ക്കാര്‍. ആകെയുള്ള തസ്തികയില്‍ 61 ശതമാനം ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. 2024-25 വരെയുള്ള കണക്കുകളാണ് വി ശിവദാസന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി പ്രൊഫ. എസ് പി ബാഘേല്‍ നല്‍കിയത്.
കേന്ദ്ര മൃഗപരിപാലന വകുപ്പിന് കീഴിലെ റീജിയണല്‍ ഫോഡര്‍ സ്റ്റേഷനുകള്‍, കേന്ദ്ര കന്നുകാലി ബ്രീഡിങ് കേന്ദ്രങ്ങള്‍, സെന്‍ട്രല്‍ ഷീപ് ബ്രീഡിങ് ഫാം, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, വെറ്റിനറി കൌണ്‍സില്‍, ഡല്‍ഹി മില്‍ക്ക് സ്‌കീം തുടങ്ങി 33 സ്ഥാപനങ്ങളാണുള്ളത്. ഇവിടങ്ങളിലെ 2259 തസ്തികകളില്‍ 1382 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 195 തസ്തിക വെട്ടിക്കുറച്ചെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് കീഴിലെ 24 സ്ഥാപനങ്ങളുടെയും ബഡ്ജറ്റ് വിഹിതം മുന്‍ വര്‍ഷങ്ങളില്‍ നിന്നും കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ബിജെപിയുടെ പശു സ്‌നേഹം തെരുവുകളില്‍ മാത്രമാണെന്ന് വി ശിവദാസന്‍ പറഞ്ഞു. മൃഗസ്‌നേഹം പ്രസംഗിക്കുന്നതല്ലാതെ ശാസ്ത്രീയമായ ഗവേഷണങ്ങള്‍ക്കും മൃഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പണം ചെലവഴിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറല്ല. കന്നുകാലി പരിപാലനം ഏറ്റവും ശാസ്ത്രീയമായി മാറേണ്ട കാലത്ത്, ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഈ മേഖലയെ പിന്നോട്ടടിപ്പിക്കും.
ഇന്ത്യയിലെ ക്ഷീരോത്പന്ന വിപണി വരെ ബ്രിട്ടനും വിദേശ രാജ്യങ്ങള്‍ക്കും തുറന്നു കൊടുക്കാന്‍ കരാര്‍ ഒപ്പിടുമ്പോഴാണ് ഇത്തരത്തില്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതും നിയമനങ്ങള്‍ നടത്താതിരിക്കുന്നത്. കേന്ദ്ര സ്ഥാപനങ്ങളിലെ നിയമനിരോധനം നീക്കണമെന്നും ശാസ്ത്രീയ ഗവേഷണത്തിന് പണം വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി, മൃഗക്ഷേമ മന്ത്രാലയം, പശുസ്‌നേഹം