കാണാതായ കുട്ടിയുടെ മൃതദേഹം സമീപത്തെ ജലാശയത്തിൽ; പിന്നാലെ കൊലപാതകമെന്ന് ആരോപിച്ച് കൊടും ക്രൂരത; അയൽവാസികളായ രണ്ടു പേരെ ആൾക്കൂട്ടം അടിച്ചുകൊന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം ജലാശയത്തിൽ കണ്ടെത്തിയതിനെ തുടർന്ന്, കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അയൽവാസികളായ രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. നിശ്ചിന്തപൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസം മുതൽ കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് തൊട്ടടുത്ത ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നിൽ അയൽവാസികളായ രണ്ടുപേർക്ക് പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതേതുടർന്നാണ് ഒരു കൂട്ടം ആളുകൾ ഇവരെ ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളുടെ മരണത്തിൽ അയൽവാസികളെ സംശയമുന്നയിച്ചതിനെ തുടർന്നുണ്ടായ അതിക്രമം പ്രദേശത്ത് വലിയ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.