ആൻഡമാൻ കടലിൽ വൻ ലഹരി വേട്ട; മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടിച്ചെടുത്തത് 5,000 കിലോയോളം മയക്കുമരുന്ന്; വലയിൽ കുടുക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ഡൽഹി: സംശയാസ്പദക രീതിയിൽ മത്സ്യബന്ധന ബോട്ടിനെ കണ്ടതിനെ തുടർന്ന് കുതിച്ചെത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പിന്നാലെ നടന്നത് വൻ മയക്കുമരുന്ന് വേട്ട. ആൻഡമാൻ കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ലഹരി വേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.
ഈ മാസം ആദ്യം ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നും സമാനമായ രീതിയിൽ വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 700 കിലോഗ്രാം മെത്താഫിറ്റമിനാണ് ഗുജറാത്ത് തീരത്തിന് സമീപത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് പിടിച്ചെടുത്തത്.
സംഭവത്തിൽ എട്ട് ഇറാനിയൻ പൗരന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. എൻസിബി, നാവിക സേന, ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.