ബിഎംഡബ്ല്യു കാര്‍ സ്‌കൂട്ടറില്‍ പാഞ്ഞുകയറി; ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്ന അഞ്ചുവയസുകാരി മരിച്ചു
ബിഎംഡബ്ല്യു കാര്‍ സ്‌കൂട്ടറില്‍ പാഞ്ഞുകയറി
നോയിഡ: ബിഎംഡബ്ല്യു കാര്‍ സ്‌കൂട്ടറില്‍ പാഞ്ഞുകേറി അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 12.20ഓടെയാണ് അപകടമുണ്ടായത്. ഹോണ്ട ആക്ടീവ സ്‌കൂട്ടറിലേക്കാണ് ബിഎംഡബ്ല്യു പാഞ്ഞുകയറിയത്.
ഗുല്‍ മുഹമ്മദ്, മകള്‍ ആയത്, ബന്ധുവായ രാജ എന്നിവര്‍ സ്‌കൂട്ടറില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങവേ ബിഎംഡബ്ല്യു വന്ന് ഇടിക്കുകയായിരുന്നു. അപകടമുണ്ടായപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടിപ്പോയെങ്കിലും കാര്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യാഷ് ശര്‍മ (22), അഭിഷേക് റാവത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ യാഷ് ആണ് വണ്ടിയോടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആയതിന് സുഖമില്ലാത്തതിനാലാണ് ഗുല്‍ സ്‌കൂട്ടറിലെത്തിയതെന്നും ഡോക്ടറെ കാണിച്ച് മടങ്ങുമ്പോഴാണ് അപകടമെന്നും പൊലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ചു തന്നെ ആയത് മരണപ്പെട്ടു. പരിക്കേറ്റ ഗുല്‍ മുഹമ്മദും രാജയും ചികിത്സയിലാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷന്‍ 281, 125,106(1) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.