ഇന്ത്യയിലെ പരിപാടികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല, അനുവാദമില്ലാതെ ദേഹത്ത് പിടിക്കും; പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ നിസാരവത്കരിക്കുന്നു; വീഡിയോയുമായി ബ്രിട്ടീഷ് യുവതി

Update: 2025-12-10 12:57 GMT

ഗുവാഹത്തി: ഇന്ത്യയിൽ നടക്കുന്ന പൊതുപരിപാടികളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് തുറന്നുപറഞ്ഞ് ബ്രിട്ടീഷ് ട്രാവൽ ഇൻഫ്ലുവൻസറായ യുവതി. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുള്ള ബാങ്കോക്ക് സ്വദേശി എമ്മയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

ഗുവാഹത്തിയിൽ അമേരിക്കൻ റാപ്പർ പോസ്റ്റ് മാലോണിന്റെ സംഗീത പരിപാടിക്കിടെ തനിക്കും സഹയാത്രികയ്ക്കും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. "ഇന്ത്യയിലെ പരിപാടികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല" എന്ന അടിക്കുറിപ്പോടെയായിരുന്നു എമ്മയുടെ വെളിപ്പെടുത്തൽ.

പരിപാടിയിൽ നല്ല തിരക്കുണ്ടായിരുന്നെന്നും, തന്നെയും സഹയാത്രികയായ ആമിനയെയും ആൾക്കൂട്ടത്തിനിടയിൽ വെച്ച് ആരോ അനുവാദമില്ലാതെ ദേഹത്ത് സ്പർശിച്ചെന്നും എമ്മ പറയുന്നു. സുരക്ഷിതമല്ലാത്തതിനാൽ വെറും പത്ത് മിനിറ്റിനുള്ളിൽ തങ്ങൾക്ക് അവിടെ നിന്ന് പുറത്തിറങ്ങേണ്ടി വന്നു. അതിനാൽ പരിപാടി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും അവർ കുറിച്ചു.

പരിപാടിയിലെ തിരക്കിനിടയിൽ നിന്നുള്ള വീഡിയോയും എമ്മ പങ്കുവെച്ചു. "ഇത് സാധാരണ ജനക്കൂട്ടം തള്ളിക്കയറുന്ന രീതിയല്ല. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ നിസാരവത്കരിക്കുന്നുവെന്ന വലിയ പ്രശ്‌നത്തിന്റെ ഭാഗമാണിത്," അവർ കുറിച്ചു. "പരിപാടി ആസ്വദിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുക; ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ സ്ത്രീകളെ ഒരിക്കലും നിർബന്ധിക്കരുത്," എന്നും യുവതി ആവശ്യപ്പെട്ടു.

Tags:    

Similar News