''ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിലേക്ക് ഹിന്ദു കുട്ടികളെ അയക്കരുത്''; വിദ്വേഷ പ്രസംഗം നടത്തിയ കോളേജ് അധ്യാപകനെതിരെ കേസ്

Update: 2024-10-06 15:14 GMT

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ കോളേജ് അധ്യാപകനെതിരെ കേസ്. കർണാടകയിലെ സ്വകാര്യ കോളേ ജിൽ അധ്യാപകനും മംഗളൂരു സർവകലാശാലയിലെ റിസർച്ച് സ്കോളറുമായ അരുൺ ഉള്ളാളിനെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് കേസെടുത്തത്. മംഗളൂരുവിന് സമീപത്തെ കിന്യയിൽ നവദമ്പതികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അരുൺ.

ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്കൂളുകളിലേക്ക് ഹിന്ദു കുട്ടികളെ അയക്കരുതെന്നും, അവരുടെ ഉടമസ്ഥതയിലുള്ള മണ്ഡപങ്ങളിൽ വിവാഹം നടത്തരുതെന്നും ആഹ്വാനം ചെയുകയായിരുന്നു അരുൺ ഉള്ളാൾ. വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനം ഉയർന്നു വന്നു.

സ്‌കൂളുകളിൽ നിന്നും വിവാഹ മണ്ഡപങ്ങളിൽ നിന്നും ന്യൂനപക്ഷ സമുദായം നേടുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം വിദേശത്തേക്ക് അയക്കുന്നുണ്ടെന്നും ഹിന്ദുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഉള്ളാൾ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

മുമ്പ് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു പ്രശസ്തമായ കോളേജിൽ പഠിപ്പിച്ചിരുന്ന തൻ്റെ കല്യാണത്തിന് കോളേജിൻ്റെ ഹാൾ തിരഞ്ഞെടുത്താൽ കുറച്ച് കാശിൽ ഇളവ് ലഭിക്കുമായിരുന്നിട്ടും പകരം താൻ ഒരു ഹിന്ദു സമുദായത്തിൻ്റെ ഉടമസ്ഥതയിലുള്ള മണ്ഡപമാണ് തിരഞ്ഞെടുത്തതെന്നും ഉള്ളാൾ പറഞ്ഞു.

സൗകര്യങ്ങൾ പരിഗണിക്കാതെ, ഹിന്ദുക്കൾക്ക് പ്രത്യയശാസ്ത്രം പരിഗണിച്ച് സമുദായത്തിൻ്റെ വിവാഹ മണ്ഡപങ്ങൾ തിരഞ്ഞെടുക്കണം, മംഗളൂരുവിലെ പ്രശസ്തമായ പല ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും മറുവശത്ത് ന്യൂനപക്ഷ സമുദായത്തിൽപെട്ട വിദ്യാർത്ഥികളാൽ അവിടെ നിറഞ്ഞിരിക്കുകയാണെന്നും ഉള്ളാൾ പ്രസംഗത്തിൽ പറഞ്ഞു.

ഇയാൾക്കെതിരെ ബിഎൻഎസിൻ്റെ സെക്ഷൻ 196 (വിവിധ മതങ്ങൾക്കിടയിൽ ശത്രുത വളർത്തൽ...), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഐടി ആക്ടിലെ സെക്ഷൻ 66 (സി) എന്നിവ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Tags:    

Similar News