ദീപാവലി വൈബിൽ രാജ്യം; റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് കൂടും; യാത്രക്കാർ നേരത്തേ തന്നെ എത്തണമെന്ന് നിർദ്ദേശം; പരിശോധനയും ശക്തമാക്കും; തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ചയും അവധി

Update: 2025-10-18 11:53 GMT

ചെന്നൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ യാത്രാത്തിരക്ക് വർധിച്ച സാഹചര്യത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിൽ നേരത്തെ എത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനാലും സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നതിനാലുമാണ് ഈ നിർദ്ദേശം.

ചെന്നൈ സെൻട്രൽ, എഗ്മോർ, താംബരം റെയിൽവേ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് പ്രധാന സ്റ്റേഷനുകളിലുമായി യാത്രക്കാരെ നിയന്ത്രിക്കാൻ 850 റെയിൽവേ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തീവണ്ടികളിൽ പടക്കം കൊണ്ടുപോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സുരക്ഷാ നടപടികൾ കർശനമാക്കിയത്. ദീപാവലി പ്രമാണിച്ച് ചെന്നൈയിൽ നിന്ന് തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ ഉൾപ്പെടെയുള്ള സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈ സെൻട്രൽ, താംബരം റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ ബോംബ് സ്ക്വാഡ് സ്റ്റേഷനുകളിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.

അതിനിടെ, ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പകരം ശനിയാഴ്ച (25ന്) പ്രവൃത്തിദിവസമായിരിക്കും. ഇത് സർക്കാർ ജീവനക്കാർക്ക് 18 മുതൽ 21 വരെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾക്ക് ചെന്നൈയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ നാടുകളിലേക്ക് യാത്ര തിരിച്ചത്.

Tags:    

Similar News