മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ശുചീകരണപരിപാടിക്കിടെ വെടിവെയ്പ്പ്: പോലിസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; പോലിസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

Update: 2024-10-03 01:17 GMT

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച ഉഖരുള്‍ നഗരത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. സ്വച്ഛതാ അഭിയാന്റെ ഭാഗമായി നടത്തിയ ശുചീകരണപരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മണിപ്പുര്‍ സര്‍ക്കാരിനുകീഴിലുള്ള സേനയായ മണിപ്പുര്‍ റൈഫിള്‍സിലെ വൊറിന്‍മി തുംറയാണ് കൊല്ലപ്പെട്ടത്.

വെടിവെപ്പില്‍ പ്രദേശവാസികളായ റെയ്‌ലേയ്‌വുങ് ഹോങ്‌റേ, സിലസ് സിങ്കായ് എന്നിവരും മരിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. രണ്ട് ഗ്രാമങ്ങളിലെ നാഗാവിഭാഗക്കാരുടെ സംഘങ്ങള്‍ തമ്മില്‍ ഭൂമിയുടെ പേരിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഘര്‍ഷവും വെടിവെപ്പുമുണ്ടായത്.

കുക്കിനേതാവ് വെടിയേറ്റുമരിച്ചു

മണിപ്പുരിലെ ചുരാചാന്ദ്പുരില്‍ കുക്കി നേതാവ് വെടിയേറ്റുമരിച്ചു. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. യുണൈറ്റഡ് കുക്കി നാഷണല്‍ ആര്‍മി (യു.കെ.എന്‍.എ.) നേതാവ് സെയ്‌ഖോഹാ ഹാവേകിപാണ് ലെയ്ഷാങ് ഗ്രാമത്തില്‍വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ വെടിയേറ്റുമരിച്ചത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.

അതേസമയം മണിപ്പുരില്‍ തെങ്നോപാല്‍ സേനം വില്ലേജില്‍നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. വലുതും ചെറുതുമായ ഐ.ഇ.ഡി.കള്‍, ഗ്രനേഡുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

Tags:    

Similar News