കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; നികുതിയില്‍ ഇളവില്ല; സംഭാവനയായി കിട്ടിയ 199 കോടി പരിധിയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്ന് ട്രൈബ്യൂണല്‍
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; നികുതിയില്‍ ഇളവില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 2017-18 വര്‍ഷത്തെ നികുതി അടയ്ക്കണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അപ്പീല്‍ തള്ളി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. 199 കോടി രൂപ സംഭാവനയായി ലഭിച്ചതാണെന്ന് പാര്‍ട്ടി വാദിച്ചെങ്കിലും നിശ്ചിത സമയപരിധിക്കുള്ളില്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
2019 ഫെബ്രുവരി രണ്ടിന് കോണ്‍ഗ്രസ് പാര്‍ട്ടി ഫയല്‍ ചെയ്ത ടാക്‌സ് റിട്ടേണില്‍, 199.15 കോടി രൂപ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 13എ പ്രകാരം നികുതി രഹിതമാണെന്നായിരുന്നു അവകാശപ്പെട്ടത്. എന്നാല്‍ 2018 ഡിസംബര്‍ 31 ആയിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. 2019ല്‍, 14.49 ലക്ഷം രൂപ അനധികൃതമായി കോണ്‍ഗ്രസ് സ്വീകരിച്ചെന്ന് അസസിങ് ഓഫിസര്‍ കണ്ടെത്തി. വ്യക്തികളില്‍നിന്ന് പരമാവധി 2000 രൂപ മാത്രമേ സംഭാവന സ്വീകരിക്കാവൂ എന്ന ചട്ടം പാര്‍ട്ടി ലംഘിച്ചെന്നും പരിശോധനയില്‍ വ്യക്തമായി.
ഇതോടെ മുഴുവന്‍ തുകയ്ക്കുമായി നികുതി അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇതിനെതിരെ പാര്‍ട്ടി ആദ്യം ഇന്‍കം ടാക്‌സ് കമീഷണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പലേറ്റ് അതോറിറ്റിക്ക് നല്‍കിയ അപ്പീല്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇടക്കാല ആശ്വാസം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ വിധിയില്‍ ഇടക്കാല ആശ്വാസം പിന്‍വലിച്ചതിനൊപ്പം പാര്‍ട്ടിയുടെ അപ്പീല്‍ തള്ളുകയും ചെയ്തു.