ഹൈദരാബാദ് - മുംബൈ ഹൈവേയിൽ കാറുകളുമായി പോയ കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു; എട്ട് കാറുകൾ കത്തിനശിച്ചു
ഹൈദരാബാദ്: മുംബൈ - ഹൈദരാബാദ് ഹൈവേയിൽ കാറുകളുമായി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു. അപകടത്തിൽ കണ്ടെയ്‌നർ ട്രക്കിനകത്തായിരുന്ന എട്ട് കാറുകൾ കത്തിനശിച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ആശുതിപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ടെയ്നറിലെ എട്ട് കാറുകളും പൂർണമായി കത്തി നശിച്ചിരുന്നു.
സഹീറാബാദ് ബൈപാസ് റോഡിലെ രഞ്ജോളിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കണ്ടെയ്നറിൽ നിന്ന് കനത്ത പുക ഉയർന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ പ്രയാസപ്പെട്ടു. കാറുകൾ പൂർണമായും തകർന്നു. കണ്ടെയ്‌നർ ഓടിച്ചിരുന്ന ഡ്രൈവർ 20 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് പറഞ്ഞു. തീപിടിത്തം ഹൈവേയിൽ ഗതാഗത കുരുക്കിനിടയാക്കി.