റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ചു; പോലീസുകാരന്റെ കൈ അറ്റുപോയി

Update: 2024-11-11 12:15 GMT

ഭോപ്പാൽ: റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് പോലീസുകാരന്റെ കൈ അറ്റുപോയി. സംഭവത്തിൽ പോലീസ് വാഹനത്തിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. ബന്ദക്പൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്രയ്ക്കാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ട്രെയിനിൽ നിന്ന് വീണ് മരിച്ച രണ്ട് പേരുടെ മൃതദേഹം മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് രാജേന്ദ്ര മിശ്രയും ഡ്രൈവറും സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന് മൃതദേഹങ്ങൾ മാറ്റുന്നതിനിടെ പെട്ടെന്ന് ഒരു ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു.

മിശ്രയുടെ വലതുകൈ അറ്റുപോയെന്ന് പോലീസ് സൂപ്രണ്ട് ശ്രുത് കീർത്തി സോംവൻഷി വ്യക്തമാക്കി. കൂടെയുണ്ടായിരുന്ന പോലീസ് വാഹനത്തിന്‍റെ ഡ്രൈവർ യാവർ ഖാന് പരിക്കേറ്റു. മിശ്രയെയും ഖാനെയും വിദഗ്ധ ചികിത്സക്കായി ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ ഉദ്യോഗസ്ഥർക്കായി എല്ലാ സഹായവും ചെയ്യുമെന്നും ആവശ്യമെങ്കിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ഇരുവരെയും എയർ ആംബുലൻസിൽ കയറ്റി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും എസ് പി അറിയിച്ചു. 

Tags:    

Similar News