മകൾ വീട്ടിൽ കയറിയാൽ ഭയങ്കര പ്രശ്‌നം; ആരും കാണാതെ പോക്കറ്റിൽ കൈയ്യിട്ട് പൈസ മോഷണം; ഗതികെട്ട് അച്ഛന്റെ കൊടും ക്രൂരത; അരുംകൊലയിൽ ഞെട്ടി നാട്
ലഖ്നൗ: വീട്ടിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് 13 വയസ്സുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കനാലിൽ മൃതദേഹം ഉപേക്ഷിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബിചൗളയിൽ താമസിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സോനം ആണ് കൊല്ലപ്പെട്ടത്. അനുപ്ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പാലത്തിനടിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് പറയുന്നത് അനുസരിച്ച്, വ്യാഴാഴ്ച സ്കൂളിൽ പോയ സോനത്തെ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പിതാവ് അജയ് ശർമ്മ സമീപത്തുള്ള വയലിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഒരു സ്കാർഫ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പെൺകുട്ടിയുടെ സ്കൂൾ ബാഗ് വയലിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്നും ഇത് താനും ഭാര്യയും തമ്മിൽ തർക്കങ്ങൾക്ക് കാരണമായെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം, മകൾ ഒരു ബന്ധുവീട്ടിൽ താമസിക്കാൻ പോയെന്നും അടുത്ത 3-4 ദിവസത്തേക്ക് സ്കൂളിൽ വരില്ലെന്നും അജയ് ശർമ്മ സ്കൂളിൽ അറിയിച്ചിരുന്നു. ഈ വിവരം പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അറിയിച്ചു.