മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്ക്; സഹിക്കെട്ട് വീട്ടുകാർ ഇടപെട്ടു; മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടത് ചൊടിപ്പിച്ചു; മകനെയും മരുമകളെയും വെടിവെച്ച് വയോധികൻ
ഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ മകനെയും മരുമകളെയും വയോധികൻ വെടിവെച്ചത് മദ്യപിക്കാതിരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന്. ഇന്നലെ രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. മദ്യപിക്കുന്നതും വീട്ടിൽ വഴക്കിടുന്നതും നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അക്രമം. ഹോം ഗാർഡായി വിരമിച്ച ഹരി യാദവാണ് പ്രതി. ഹരി യാദവ് മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. മൂത്ത മകൻ അനുപ് യാദവ് (38) ഇളയ മരുമകൾ സുപ്രിയ യാദവ് (30) എന്നിവർക്കാണ് വെടിയേറ്റത്. ഇവർ ഗുരുതര പരിക്കുകളോടെ ആശുപത്രി ചികിത്സയിലാണ്.
ഹരി യാദവ് മദ്യപിച്ച നിലയിൽ വീട്ടിലെത്തി കുടുംബവുമായി വഴക്കിട്ടപ്പോഴാണ് മകനും മരുമകളും ഇടപെടുന്നത്. വഴക്ക് നിർത്താനും മദ്യപിക്കാതിരിക്കാനും അവർ ആവശ്യപ്പെട്ടു. ഇതാണ് ഹരി യാദവിനെ ചൊടിപ്പിച്ചത്. തന്റെ തോക്ക് എടുത്ത് പ്രതി രണ്ടു പേർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇരുവരെയും ബി.ആർ.ഡി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ അവരുടെ നില ഗുരുതരമാണ്.
അനുപ് യാദവിന് (38) നെഞ്ചിലും സുപ്രിയ യാദവിന് (30) ഇടതുകൈയിലും വയറ്റിലുമാണ് വെടിയേറ്റത്. പ്രതിയായ ഹരി യാദവിനെ കസ്റ്റഡിയിലെടുത്ത് തോക്ക് പിടിച്ചെടുത്തിട്ടുണ്ടെന്ന് ബർഹൽഗഞ്ച് എസ്.എച്ച്.ഒ ചന്ദ്രഭാൻ സിങ് പറഞ്ഞു. പരാതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂത്ത മകൻ അനുപ് യാദവിന് നെഞ്ചിലും ഇളയ മരുമകൾ സുപ്രിയ യാദവിന് (30) ഇടതുകൈയിലുമാണ് വെടിയേറ്റത്. അതേസമയം, തോക്കിന് ലൈസൻസുള്ളതായാണ് സൂചന.