മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവ്; ഭാര്യയും പിതാവും അയൽ വീട്ടിലേക്ക് ഭയന്നോടിയ തക്കം നോക്കി ക്രൂരത; ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ മദ്യലഹരിയിൽ പിതാവ് ഒരു വയസുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ലഖ്‌നൗവിന് സമീപം ബൈരിയയിലെ സുരേമാൻപൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ രൂപേഷ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
രൂപേഷ് മദ്യപാനിയാണെന്നും ഭാര്യയെയും സ്വന്തം പിതാവിനെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ആദ്യം ഭാര്യയെ മർദ്ദിച്ചു. ഭയന്നോടിയ ഭാര്യയും ഭർതൃപിതാവും തൊട്ടടുത്ത വീട്ടിലേക്ക് മാറി. 1 വയസുള്ള മകനെയും, 3 വയസുകാരി മകളെയും വീട്ടിൽ വിട്ടിട്ടാണ് ഇവർ പോയത്.
പിന്നീടാണ് പ്രതി മകനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. കുത്തേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ യുവതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. കുട്ടിയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രൂപേഷ് തിവാരിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി അധികൃതർ അറിയിച്ചു.