അയല്‍വീടുകളില്‍ നിന്നും ആരും കാണാതെ ചെരുപ്പുകള്‍ മോഷ്ടിക്കും; ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മോഷണം: ചെരുപ്പുകള്‍ വാരാന്ത്യ ചന്തകളില്‍ വിറ്റഴിക്കും; സിസിടിവി ദൃശ്യങ്ങള്‍ സംശയം തോന്നി പിന്തുടര്‍ന്ന് നാട്ടുകാര്‍ ചെരിപ്പ് കള്ളന്മാരെ കൈയ്യോടെ പിടികൂടി

Update: 2024-12-13 10:21 GMT

ഹൈദരബാദ്: വീടുകളില്‍ നിന്ന് പലയിടങ്ങളിലായി പഴയതും പുതിയും ചേര്‍ന്ന ചെരിപ്പുകളും ഷൂസുകളും കാണാതാവുന്നത് നാട്ടുകാര്‍ക്ക് അതിശയത്തിനും സംശയത്തിനും ഇടയാക്കിയിരുന്നു. ഉപയോഗത്തിലുള്ളതോ പുതുതായുള്ളതോ എന്നൊരു വ്യത്യാസമില്ലാതെ ചെരിപ്പുകളും ചപ്പലുകളും മോഷണം പോയ സംഭവം ആദ്യം കൌതുകമായിരുന്നെങ്കിലും പിന്നീട് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച സംശയകരമായ സാഹചര്യത്തില്‍ കണ്ട ഒരാളെ പിന്തുടര്‍ന്നപ്പോഴാണ് നാട്ടുകാര്‍ ചെരിപ്പ് കള്ളന്മാരെ പിടികൂടിയത്, അതോടെ സംഭവത്തിന്റെ ദുരൂഹത അവസാനിച്ചു.

ഹൈദരബാദിന് സമീപത്തെ ഉപ്പലിന് സമീപത്തെ ഭരത് നഗറിലാണ് സംഭവം. ചെരിപ്പുകളുടെ കൊട്ടാരം എന്ന നിലയിലായിരുന്നു ഈ വീടുണ്ടായിരുന്നത്. ബാഗുകളിലാക്കി അടുക്കിയ നിലയില്‍ ഷെല്‍ഫുകളിലാക്കിയാണ് ഈ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നായിരുന്നു അയല്‍വാസികളുടെ വീട്ടില്‍ മോഷണം നടത്തിയിരുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വാസവി നഗര്‍, ശ്രീ നഗര്‍ കോളനി, രാമാന്ത്പുര്‍, ഭരത് നഗര്‍ എന്നിവിടങ്ങളിലായാണ് ചെരിപ്പ് മോഷണം രൂക്ഷമായിരുന്നത്. മോഷ്ടിച്ച ചെരുപ്പുകള്‍ വാരാന്ത്യ ചന്തകളില്‍ വിറ്റഴിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

ഇവരുടെ വീട്ടിലെ കട്ടിലിനടിയില്‍ നിന്നും അലമാരികളില്‍ നിന്നും അടക്കം ചെരിപ്പുകള്‍ പുറത്തെടുക്കുന്ന ദമ്പതികളുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നാട്ടുകാര്‍ ചോദ്യം ചെയ്തിന് പിന്നാലെ ആളുകള്‍ ഉപേക്ഷിച്ച ചെരിപ്പുകളാണ് ശേഖരിച്ചതെന്നാണ് ദമ്പതികള്‍ വാദിക്കുന്നത്. വീട്ടിലേക്കെത്തിയ നാട്ടുകാരോട് യുവതി രൂക്ഷമായ ഭാഷയില്‍ തര്‍ക്കിക്കുന്നതുമായ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. നഗരത്തിന്റ മറ്റ് ഭാഗങ്ങളില്‍ കൊണ്ടുപോയി വില്‍ക്കാനുള്ള ലക്ഷ്യത്തിലാണ് ഇവര്‍ ചെരിപ്പുകള്‍ ശേഖരിച്ചിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അയല്‍വാസികളില്‍ ഏറെയും ഇവരുടെ വീട്ടില്‍ നിന്ന് തങ്ങളുടെ ചെരിപ്പുകള്‍ തിരിച്ചറിഞ്ഞ് കൊണ്ട് പോയിട്ടുണ്ട്.

Tags:    

Similar News