കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് അപകടം; നവവധുവിന് ദാരുണാന്ത്യം; സംഭവം ഉത്തർപ്രദേശിൽ
ബറേലി: കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നവവധുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ 22കാരി ദാമിനിയാണ് മരിച്ചത്. വിവാഹത്തിന് അഞ്ച് ദിവസത്തിന് ശേഷം ബറേലിയിലെ ഭർത്താവിന്റെ വീട്ടിലായിരുന്നു അപകടം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
നവംബർ 22 ന് ദാമിനിയും ദീപക് യാദവുമായുള്ള വിവാഹം നടന്നത്. ബുധനാഴ്ച പതിവുപോലെ ദാമിനി കുളിക്കാൻ ബാത്ത്റൂമിൽ പോയി. പക്ഷേ ഏറെ വൈകിയിട്ടും പുറത്തിറങ്ങാതായതോടെ ഭർത്താവ് പലതവണ വിളിച്ചു നോക്കി. എന്നാൽ ദാമിനി പ്രതികരിക്കുകയോ കുളിമുറിയുടെ വാതിൽ തുറക്കുകയോ ചെയ്തില്ല. ഇതോടെ വീട്ടുകാർ ആകെ ആശങ്കയിലായി.
ഭയന്ന വീട്ടുകാർ കുളിമുറിയുടെ വാതിൽ തകർത്തു. തുടർന്ന് ദാമിനി അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഗീസർ പൊട്ടിത്തെറിച്ചിരുന്നതായും കണ്ടെത്തി. ഉടൻ തന്നെ വീട്ടുകാർ ദാമിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.