ആകാശത്ത് പറക്കവേ വിശപ്പ്; ഭക്ഷണം വിളമ്പിയപ്പോൾ കണ്ടത് മുടി; കാറ്ററിങ്ങുക്കാരെ പഴിചാരി രക്ഷപെടാൻ ശ്രമിച്ചിട്ടും നടന്നില്ല; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ചെന്നൈ: വിമാനത്തിലെ ഭക്ഷണത്തിൽ മുടിനാരുകണ്ട സംഭവത്തിൽ യാത്രക്കാരന് എയർ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. എയർ ഇന്ത്യയുടെ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്നും, കാറ്ററിങ് സർവീസുകാരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ജസ്റ്റിസ് പി.ബി. ബാലാജി വിധിന്യായത്തിൽ വ്യക്തമാക്കി.
2002 ജൂൺ 26-ന് കൊളംബോയിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിതരണം ചെയ്ത ഭക്ഷണത്തിൽ മുടിനാരുകണ്ടതിനെ തുടർന്ന് യാത്രക്കാരന് ഛർദ്ദിയുണ്ടായതായും വിമാനമിറങ്ങിയ ഉടൻ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. വിമാനത്തിൽ പരാതി രേഖപ്പെടുത്താനുള്ള സംവിധാനം ലഭ്യമായിരുന്നില്ല.
തുടർന്നാണ് യാത്രക്കാരൻ ചെന്നൈ അഡിഷണൽ സിവിൽ കോടതിയിൽ 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 2022-ൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരേ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി.
ഭക്ഷണമുണ്ടാക്കാനുള്ള കരാർ ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അംബാസഡർ പല്ലവയ്ക്കാണ് നൽകിയതെന്നും, അവരെ കേസിൽ കക്ഷിചേർക്കേണ്ടിയിരുന്നുവെന്നും എയർ ഇന്ത്യ വാദിച്ചു. മുടിനാര് ഭക്ഷണപാക്കറ്റിനുള്ളിൽത്തന്നെയാണ് കണ്ടതെന്നതിന് തെളിവില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.
എന്നാൽ, യാത്രക്കാരന് എയർ ഇന്ത്യയുമായല്ലാതെ കാറ്ററിങ് സർവീസുകാരുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി. ഭക്ഷണത്തിൽ മുടി കണ്ട സംഭവം എയർ ഇന്ത്യ നിഷേധിച്ചിരുന്നില്ലെന്നും ക്ഷമാപണം നടത്തിയിരുന്നെന്നും കോടതി നിരീക്ഷിച്ചു. എങ്കിലും, നിയമനടപടികൾക്ക് ചെലവായ തുകയായി 35,000 രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു.