കൊൽക്കത്തയിൽ നാശം വിതച്ച് പേമാരി; പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി; ഗതാഗതം താറുമാറായി; 91 വിമാന സർവ്വീസുകളും റദ്ദാക്കി; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ
കൊൽക്കത്ത: ശക്തമായ മഴയെ തുടർന്ന് കൊൽക്കത്ത നഗരവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇന്നലെ മുതൽ പെയ്ത കനത്ത മഴ കാരണം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. അപകടങ്ങളിൽപ്പെട്ട് ഇതുവരെ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. ദുർഗ്ഗാ പൂജാ ആഘോഷങ്ങൾക്കായി ഒരുങ്ങുന്നതിനിടെയാണ് നഗരത്തെ മഴ പ്രതിസന്ധിയിലാക്കിയത്.
മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 39 വർഷത്തിനിടയിൽ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം മഴ പെയ്തത് ഇതാദ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നഗരത്തിലെ ഗാരിയാഹത്ത്, ജോക്ക, സർസുന, തന്താനിയ, ആംഹെർസ്റ്റ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകൾ വെള്ളത്തിനടിയിലാണ്. വൈദ്യുതി വിതരണ സംവിധാനങ്ങൾ പലയിടത്തും താറുമാറായി. 10 മരണങ്ങളിൽ എട്ടെണ്ണവും വൈദ്യുതാഘാതം മൂലമാണെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ പേരിൽ വൈദ്യുതി വിതരണ കമ്പനിയായ സിഇഎസ്‌സിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി വിമർശനമുന്നയിച്ചു