ഒരു അവധി ചോദിച്ചാൽ പോലും തരാൻ മടിയാണ്..!!; ജീവിതം മടുത്ത് അവസാനമായി കത്തെഴുതി വച്ച് കടുംകൈ; പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജീവനൊടുക്കി ജീവനക്കാരൻ; ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായെന്നും പരാതി

Update: 2025-10-18 10:17 GMT

ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ, 27 മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്നും അധികൃതരുടെ മാനസിക പീഡനം ആരോപിച്ച് പഞ്ചായത്ത് ജീവനക്കാരൻ ജീവനൊടുക്കി. ഹോങ്കനൂരു ഗ്രാമപഞ്ചായത്തിലെ വാട്ടർമാനായിരുന്ന ചിക്കൂസ നായകയാണ് സ്വന്തം ജീവൻ അവസാനിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

കഴിഞ്ഞ 2016 മുതൽ ജോലി ചെയ്തുവരികയായിരുന്ന നായക, അനാരോഗ്യം കാരണം രാജി സമർപ്പിക്കാനൊരുങ്ങിയെങ്കിലും ശമ്പളക്കുടിശ്ശിക ലഭിച്ചിരുന്നില്ല. കുടിശ്ശികയായി ലഭിക്കേണ്ട 27 മാസത്തെ ശമ്പളത്തെക്കുറിച്ച് വാട്ടർമാൻ പലതവണ പഞ്ചായത്ത് വികസന ഓഫീസറോടും (പിഡിഒ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇവരിൽ നിന്ന് അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ജില്ലാ പഞ്ചായത്ത് സിഇഒയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പിഡിഒ രാമേ ഗൗഡയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മോഹൻ കുമാറും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും നായക ആരോപിക്കുന്നു. അവധി ആവശ്യപ്പെട്ടാൽ പകരം ആളെയെത്തിക്കാൻ ആവശ്യപ്പെടുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ഓഫീസിൽ നിർബന്ധിച്ച് ഇരുത്തുകയും ചെയ്തതായും കുറിപ്പിലുണ്ട്. ഈ പീഡനങ്ങളെത്തുടർന്നാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും അധികാരികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സംഭവത്തെത്തുടർന്ന്, പിഡിഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അവരുടെ ഭർത്താവ് എന്നിവർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് സിഇഒ രാമെ ഗൗഡയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഈ സംഭവത്തെച്ചൊല്ലി കർണാടക സർക്കാരിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് കലബുറഗിയിൽ ശമ്പളമില്ലാത്തതിനെത്തുടർന്ന് ഒരു ലൈബ്രേറിയനും ജീവനൊടുക്കിയിരുന്നു. 

Tags:    

Similar News