മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: കാമുകന്‍ പിടിയില്‍; വിശദമായ അന്വേഷണത്തിന് പോലീസ്
മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: കാമുകന്‍ പിടിയില്‍
ജല്‍ന (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ ശൈഖ് ഇര്‍ഫാന്‍ ശൈഖ് പാഷയെ (35)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ ജമുനനഗര്‍ നിവാസിയായ മോണിക്ക സുമിത് നിര്‍മലിനെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ മോണിക്ക ജല്‍നയില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തവേ കാമുകന്‍ പിടിയിലായി. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് മോണിക്കയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും വ്യക്തമായി.
തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു. ഫോറന്‍സിക് സംഘം സ്ഥലത്തുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി. മോണിക്കയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി.