'നെറ്റിത്തടത്തില്‍ പ്രകാശത്തിന് സമാനമായ അടയാളം; അതിനാല്‍ പേര് ദീപജ്യോതി'; ഔദ്യോഗിക വസതിയിലേക്ക് പുതിയ അതിഥിയെ വരവേറ്റ് പ്രധാനമന്ത്രി
പുതിയ അതിഥിയെ വരവേറ്റ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയിലേക്ക് പുതിയ അതിഥിയെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയില്‍ വളരുന്ന പശുവിനുണ്ടായ കുട്ടിയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം നമ്പര്‍ വീട്ടിലെ പുതിയ അതിഥി. പ്രധാനമന്ത്രി തന്നെയാണ് സാമൂഹികമാധ്യമങ്ങള്‍ വഴി പുതിയ അതിഥിയുടെ വരവ് അറിയിച്ചത്. പശുക്കുട്ടിയുമായി പ്രധാനമന്ത്രി സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഗോക്കള്‍ സര്‍വസുഖം പ്രദാനംചെയ്യുന്നുവെന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു എന്ന മുഖവുരയോടെയാണ് മോദി വിവരം പങ്കുവെച്ചത്. പശുക്കുട്ടിയുടെ നെറ്റിത്തടത്തില്‍ പ്രകാശത്തിന് സമാനമായ അടയാളമുണ്ടെന്നും അതിനാല്‍ 'ദീപജ്യോതി' എന്ന് പേരിട്ടുവെന്നും അദ്ദേഹം കുറിപ്പില്‍ അറിയിച്ചു.
ദീപജ്യോതിയെ മോദി ഓമനിക്കുന്നതും മറ്റും ചിത്രങ്ങളില്‍ കാണാം. വീട്ടിലെ മുറിക്കുള്ളിലും മറ്റും പശുക്കുട്ടിയെ പരിലാളിക്കുന്ന പ്രധാനമന്ത്രി, പൂജാമുറിയില്‍വെച്ച് മാലയും പുടവയും അണിയിക്കുന്നതും വീഡിയോയിലുണ്ട്. പശുക്കുട്ടിക്കൊപ്പം മോദി പൂന്തോട്ടത്തില്‍ നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം.