മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് കോടതി; പ്രതികള്‍ക്ക് നോട്ടീസ് അയച്ചു
മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിന്‍കേസ് പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എന്‍.കോട്ടിസവാര്‍ സിങ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, പ്രതികളുടെ ജയില്‍മോചനം കോടതി തടഞ്ഞിട്ടില്ല.
189 പേര്‍ മരിച്ച 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി വധശിക്ഷയും ജീവപര്യന്തവും വിധിച്ച പ്രതികളെ ബോംബെ ഹൈകോടതി വെറുതെവിട്ടിരുന്നു. കേസില്‍ 13 പ്രതികളില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്ക് ജീവപര്യന്തവുമാണ് 2015ല്‍ മകോക കോടതി വിധിച്ചത്. ഒരാളെ വെറുതെവിട്ടിരുന്നു.
കമാല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതാഉറഹ്‌മാന്‍ ശൈഖ്, ഇഹ്തശാം സിദ്ദീഖി, നവീദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. തന്‍വീര്‍ അഹ്‌മദ്, മുഹമ്മദ് മാജിദ്, ശൈഖ് മുഹമ്മദലി ആലം ശൈഖ്, മുഹമ്മദ് സാജിദ് അന്‍സാരി, മുസമ്മില്‍ അതാഉറഹ്‌മാന്‍ ശൈഖ്, സുഹൈല്‍ മുഹമ്മദ്, സമീര്‍ അഹമ്മദ് എന്നിവര്‍ക്കായിരുന്നു ജീവപര്യന്തം.
വാഹിദ് ശൈഖിനെ ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മകോക കോടതി വെറുതെവിട്ടിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കമാല്‍ അന്‍സാരി 2021ല്‍ കോവിഡ് ബാധിച്ച് ജയിലില്‍ മരിച്ചു. ശേഷിച്ചവര്‍ 19 വര്‍ഷമായി വിവിധ ജയിലുകളിലാണ്. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും സാക്ഷികളുടെ വിശ്വാസ്യത ചോദ്യംചെയ്തും ജസ്റ്റിസുമാരായ അനില്‍ എസ്. കിലോര്‍, ശ്യാം സി. ചന്ദക് എന്നിവരുടെ പ്രത്യേക ബെഞ്ചാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. പീഡനത്തിന് ഇരയാക്കി കുറ്റസമ്മത മൊഴിയെടുത്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ ശിക്ഷാവിധി റദ്ദാക്കുന്നതായി ഹൈകോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
പ്രതികളെ കണ്ടെത്തി നിയമനടപടി പൂര്‍ത്തിയാക്കിയെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുകയും യഥാര്‍ഥ കുറ്റവാളികള്‍ മറഞ്ഞിരിക്കുന്നത് സമൂഹത്തിന് ഭീഷണിയായി തുടരുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ കണ്ടെന്നുപറഞ്ഞ ടാക്‌സി ഡ്രൈവറുള്‍പ്പെടെയുള്ള ദൃക്‌സാക്ഷികള്‍ ക്രോസ് വിസ്താരത്തിനിടെ മൊഴിമാറ്റിയതും പ്രതികളുടെ രേഖാചിത്രം വരക്കാന്‍ അവരുടെ രൂപം പറഞ്ഞുകൊടുത്ത ആളെ പ്രതികളെ തിരിച്ചറിയാന്‍ കോടതിയില്‍ ഹാജരാക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. 2006 ജൂലൈ 11ന് വൈകീട്ട് മിനിറ്റുകളുടെ വ്യത്യാസത്തില്‍ വെസ്‌റ്റേണ്‍ ലൈനില്‍ സഞ്ചരിക്കുകയായിരുന്ന ഏഴ് ട്രെയിനുകളുടെ ഫസ്റ്റ്ക്ലാസ് കമ്പാര്‍ട്ടുമെന്റിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.