ഉച്ചഭക്ഷണത്തില്‍ പുഴുക്കള്‍; സര്‍ക്കാര്‍ സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
സര്‍ക്കാര്‍ സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഹൈദരാബാദ്: തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴുക്കള്‍. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
മഗനൂര്‍ ജില്ലാ പരിഷത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പുഴുവിനെ ലഭിച്ചത്. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇവരെ സ്‌കൂള്‍ ജീവനക്കാരും അദ്ധ്യാപകരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പുമാവ് കഴിച്ച വിദ്യാര്‍ത്ഥികളാണ് അവശ നിലയിലായത്. ഇതില്‍ പുഴുക്കള്‍ കണ്ടെത്തിയെന്ന് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞതോടെ പലരും ഭക്ഷണം കഴിക്കാതെ കളയുകയായിരുന്നു. നാല് കുട്ടികള്‍ ഒഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കളെത്തിയതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.