തീവണ്ടിയില്‍ നിന്നും വീണ് കിടന്നത് ആരും അറിഞ്ഞില്ല; നാലു മണിക്കൂര്‍ പാളത്തിനരികെ കിടന്ന യുവാവിന് തുണയായത് നാട്ടുകാര്‍

തീവണ്ടിയില്‍ നിന്നും വീണ് കിടന്നത് ആരും അറിഞ്ഞില്ല; നാലു മണിക്കൂര്‍ പാളത്തിനരികെ കിടന്ന യുവാവിന് തുണയായത് നാട്ടുകാര്‍

Update: 2024-12-02 03:52 GMT

പാലക്കാട്: യാത്രയ്ക്കിടെ തീവണ്ടിയില്‍നിന്ന് വീണ യുവാവ് പാളത്തിനരികെ കിടന്നത് നാലു മണിക്കൂര്‍. നേരം പുലരുന്നതിന് മുമ്പായതിനാല്‍ യുവാവ് വീണ കാര്യം നാട്ടുകാര്‍ പോലും അറിഞ്ഞില്ല. തമിഴ്നാട് സേലം സ്വദേശി ശരത്കുമാറാണ് (29) വേദനയില്‍ പുളഞ്ഞ് പാളത്തിനരികെ കിടന്നത്. നാട്ടുകാരുടെ കണ്ണില്‍പ്പെട്ടതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. ശരത്തിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ പാലക്കാട് ഐ.ഐ.ടി.ക്ക് സമീപം പന്നിമടയിയില്‍വെച്ചാണ് ശരത്കുമാര്‍ തീവണ്ടിയില്‍നിന്ന് വീണത്. ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസില്‍നിന്നാണ് വീണതെന്നും നേരം പുലര്‍ന്നുതുടങ്ങിയപ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തിയെന്നും ശരത്കുമാര്‍ പറഞ്ഞു. രാവിലെ ആറോടെയാണ് കഞ്ചിക്കോട് അഗ്നിരക്ഷാസേന വിവരം അറിഞ്ഞത്. ഉടനെ ശരത്കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെനിന്നാണ് വിദഗ്ധചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എറണാകുളത്തുനിന്ന് സേലത്തേക്ക് പോവുകയായിരുന്നു ശരത്കുമാര്‍.

Tags:    

Similar News