ഒരാള്‍ക്കുമേല്‍ മറ്റൊരാളായി ആളുകള്‍ തുടരെ തുടരെ വീണു; തിക്കിലും തിരക്കിലും കുടുങ്ങിയ ഏഴു വയസ്സുകാരിയുടെ തലയില്‍ ആണി തുളച്ചു കയറി: മകളുടെ ജീവനെടുത്ത ദാരുണ സംഭവം വിവരിച്ച് പിതാവ്
തിക്കിലും തിരക്കിലും കുടുങ്ങിയ ഏഴു വയസ്സുകാരിയുടെ തലയില്‍ ആണി തുളച്ചു കയറി: മകളുടെ ജീവനെടുത്ത ദാരുണ സംഭവം വിവരിച്ച് പിതാവ്
ന്യൂഡല്‍ഹി: പ്രയാഗ് രാജിലേക്ക് പോകാന്‍ സന്തോഷത്തോടെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം ആ എഴു വയസ്സുകാരി എത്തിയത്. എന്നാല്‍ റെയില്‍വേ സറ്റേഷനിലെ തിക്കിലും തിരക്കിലും ആണി തലയില്‍ തുളച്ച് കയറി ആ കുരുന്ന് മരിച്ചു. അനിയന്ത്രിതമായ തിരക്കില്‍ വീണുപോയ ഏഴ് വയസ്സുള്ള മകളുടെ തലയില്‍ ആണി തുളച്ചുകയറിയതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്‍ വിറയ്ക്കുന്ന കൈകള്‍ കൂപ്പിയാണു ആ ദാരുണ സംഭവം വിവരിച്ചത്.
ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയുടെ വരാന്തയിലിരുന്ന് വെസ്റ്റ് സഗര്‍പൂര്‍ സ്വദേശി ഒപില്‍ സിങ് മൊബൈലില്‍ മകളുടെ ചിത്രം എല്ലാവരെയും കാണിക്കുന്നു. രാത്രി 8.10ന്റെ പ്രയാഗ്രാജ് ട്രെയിനില്‍ കയറാനാണ് രണ്ട് മക്കളും ഭാര്യയും സഹോദരനുമായി റെയില്‍വേ സ്റ്റേഷനിലെത്തിയത്. അഞ്ച് ജനറല്‍ ടിക്കറ്റുകളെടുത്തിരുന്നുവെങ്കിലും ആ ട്രെയിനില്‍ തിരക്കുമൂലം കയറാനായില്ല. 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കു പോകുമ്പോഴേക്കും തിരക്ക് കണ്ടു.
'ആയിരക്കണക്കിന് ആളുകള്‍ മുകളില്‍നിന്ന് താഴേക്കു ഇറങ്ങിവരുന്നതിനിടെയാണു ഞങ്ങള്‍ മുകളിലേക്ക് കയറുന്നത്. മുകളിലെത്താന്‍ ആറു പടികള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മകള്‍ തിക്കിലും തിരക്കിലും കുടുങ്ങി. ഒരാള്‍ക്കുമേല്‍ മറ്റൊരാളായി തുടരെത്തുടരെ ആളുകള്‍ മറിഞ്ഞുവീഴാന്‍ തുടങ്ങി. ഇതിനിടയില്‍ എന്റെ മകളുടെ തലയിലേക്ക് ഒരു ആണി തുളച്ചുകയറി.' ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരന്‍ മാത്രമാണു സംഭവ സ്ഥലത്തുണ്ടായിരുന്നതെന്നും ഒപില്‍ സിങ് പറഞ്ഞു.