ബെംഗളൂരുവില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ റാഗിങിന് ഇരയായി; ഇടപെട്ട് കശ്മീരി മുഖ്യമന്ത്രി: അഞ്ചു പേര്‍ അറസ്റ്റില്‍
ബെംഗളൂരുവില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ റാഗിങിന് ഇരയായി; ഇടപെട്ട് കശ്മീരി മുഖ്യമന്ത്രി: അഞ്ചു പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കശ്മീരില്‍ നിന്നുള്ള എംബിബഎസ് വിദ്യാര്‍ത്ഥികള്‍ ബെംഗളൂരുവില്‍ റാഗിങിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഇടപെടലിനു പിന്നാലെയാണ് അന്വേഷണം വേഗത്തിലായതും പ്രതിഖളെ അറസ്റ്റ് ചെയ്തതും. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ശ്രദ്ധയില്‍പെട്ട ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അനന്ത്‌നാഗ് സ്വദേശി ഹമിം ഗുലാം ഭട്ടിന് മര്‍ദനമേറ്റത്. കോളജ് വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിനിടെ ഹമിമും സീനിയര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായി. അന്നു രാത്രി ഹോസ്റ്റലിലെത്തിയ പ്രതികള്‍ ഹമിമിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തതായാണ് കേസ്. ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുയേഹാമി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.