കുഞ്ഞിന് കഴിക്കാന്‍ മാതാപിതാക്കള്‍ നല്‍കിയത് പച്ച കോഴിയിറച്ചി; പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി ദാരുണമായി മരിച്ചു

പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി ദാരുണമായി മരിച്ചു

Update: 2025-04-03 00:17 GMT

വിജയവാഡ: മാതാപിതാക്കള്‍ നല്‍കിയ പച്ച കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ നരസറോപേട്ട് സ്വദേശിയായ കുട്ടിയാണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ കോഴിയുടെ പച്ചയിറച്ചിക്കഷ്ണം കഴിക്കാന്‍ നല്‍കുക ആയിരുന്നു. മാര്‍ച്ച് 4-ന് പക്ഷിപ്പനി ലക്ഷണങ്ങളോടെ മംഗളഗിരിയിലെ എയിംസില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മാര്‍ച്ച് 16-ന് മരിച്ചു. ബുധനാഴ്ച സ്രവ പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഗുണ്ടൂരിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി (VRDL) എന്നിവിടങ്ങളിലെ പരിശോധനയില്‍ സാമ്പിളുകളില്‍ H5N1 സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് പെണ്‍കുട്ടിക്ക് ഒരു ചെറിയ കഷണം പച്ചയിറച്ചി നല്‍കിയതായി മാതാപിതാക്കളാണ് പറഞ്ഞത്. നേരത്തെയും വേവിക്കാത്ത ഇറച്ചി നല്‍കിയിരുന്നെങ്കിലും ഇത്തരത്തില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍, ഇത്തവണ അവള്‍ക്ക് ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.

പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ നില വഷളായതോടെ എയിംസിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചണ് മരണം സംഭവിച്ചത്. മാര്‍ച്ച് 7 ന് ആശുപത്രിയിലെ വിആര്‍ഡിഎല്ലില്‍ ഡോക്ടര്‍മാര്‍ മൂക്കിലെ സ്വാബ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതിനെ തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വേവിച്ച ചിക്കന്‍ കഴിച്ച മറ്റ് കുടുംബാംഗങ്ങള്‍ക്ക് പ്രശ്‌നമില്ല. അതേ ഇറച്ചിക്കടയില്‍ നിന്ന് ചിക്കന്‍ വാങ്ങിയ മറ്റുള്ളവരില്‍ നിന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ മൂക്കിലെ സ്വാബ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. ഫലം നെഗറ്റീവാണെന്നും അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ അച്ഛന്‍ ഒരു സ്വകാര്യ ബാങ്കില്‍ ലോണ്‍ റിക്കവറി ഏജന്റാണ്.

Tags:    

Similar News