മുറിയിലെ കതക് തുറക്കാന്‍ സാധിച്ചില്ല; ജനാലവഴി സണ്‍ഷേഡിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമം: ലോഡ്ജിലെ മൂന്നാം നിലയില്‍ നിന്നും താഴെവീണ് വയോധിക ദമ്പതികള്‍ മരിച്ചു
ലോഡ്ജിലെ മൂന്നാം നിലയില്‍ നിന്നും താഴെവീണ് വയോധിക ദമ്പതികള്‍ മരിച്ചു
നാഗര്‍കോവില്‍: സണ്‍ഷേഡിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ന്യാകുമാരിയിലെ ലോഡ്ജിലെ മൂന്നാംനിലയില്‍നിന്നു വഴുതിവീണ ഗുജറാത്ത് സ്വദേശികളായ ദമ്പതിമാര്‍ മരിച്ചു. ബാബാരിയ ഹരിലാല്‍ ലാല്‍ജി (73), ഭാര്യ ബാബാരിയ ഹന്‍സാ ബഹേന്‍ (63) എന്നിവരാണ് മരിച്ചത്.
15 സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കന്യാകുമാരിയില്‍ എത്തിയത്. രാത്രി ലോഡ്ജില്‍ താമസിച്ച സംഘത്തിലുള്ളവര്‍ സൂര്യോദയം കാണാന്‍ ബുധനാഴ്ച രാവിലെ പുറത്തിറങ്ങി. ഹരിലാല്‍ ലാല്‍ജിയും ഭാര്യയും താമസിച്ചിരുന്ന മുറിയിലെ കതക് തുറക്കാന്‍ സാധിക്കാതെവന്നപ്പോള്‍ ഇരുവരും ജനാലവഴി സണ്‍ഷേഡില്‍ ഇറങ്ങി.
സണ്‍ഷേഡ് വഴി നടന്ന് മുന്‍വശത്തേക്കു വരാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴെവീണത്. മൂന്നാംനിലയില്‍നിന്ന് താഴെവീണ് ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്യാകുമാരി പോലീസ് കേസെടുത്തു.