കൊല്‍ക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 14 പേര്‍; തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കൊല്‍ക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 14 പേര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലില്‍ ഇന്നലെ രാത്രിയുണ്ടായ തീപ്പിടത്തത്തില്‍ മരിച്ചത് 14 പേര്‍. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഋതുരാജ് ഹോട്ടല്‍ വളപ്പില്‍ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
'14 മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി ആളുകളെ രക്ഷപ്പെടുത്തി ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്', കമ്മിഷണര്‍ പറഞ്ഞു. അതേസമയം, ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.
മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം. ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുനല്‍കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, സുകാന്ത മജുംദാര്‍ പറഞ്ഞു.