സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി; കര്‍ണാടക ഭവനില്‍ വെച്ച് ഷൂസ് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായി ഡി.കെ.ശിവകുമാറിന്റെ സ്‌പെഷല്‍ ഓഫിസര്‍: ജോലിയില്‍ പ്രവേശിച്ചതു മുതല്‍ പ്രശ്‌നങ്ങളെന്ന് പരാതി
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി
ബെംഗളൂരു: ഡല്‍ഹി കര്‍ണാടക ഭവനില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി. സിദ്ധരാമയ്യയുടെ സ്‌പെഷല്‍ ഓഫിസര്‍ മോഹന്‍ കുമാറും ഡി.കെ.ശിവകുമാറിന്റെ സ്‌പെഷല്‍ ഓഫിസര്‍ എച്ച്. ആഞ്ജനേയയും തമ്മിലാണ് വാക്‌പോരും ഭീഷണിയും തുടര്‍ക്കഥയാവുന്നത്. മോഹന്‍കുമാര്‍ ഷൂസ് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായി ആഞ്ജനേയ കര്‍ണാടക ഭവനിലെ റസിഡന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്‌നങ്ങളുണ്ട്. മോഹന്‍ കുമാര്‍ മറ്റു ജീവനക്കാരുടെ മുന്നില്‍ വച്ച് ഷൂസ് ഊരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താന്‍ ജോലിയില്‍ പ്രവേശിച്ച അന്നു മുതല്‍ മോഹന്‍ കുമാര്‍ ഡ്യൂട്ടി തടസ്സപ്പെടുത്തുകയാണെന്നും പരാതിയില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓഫിസറായി ജോലി ചെയ്യുമ്പോഴുള്ള സുരക്ഷയെകുറിച്ച് ആശങ്കയുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മോഹന്‍ കുമാര്‍ ആയിരിക്കും ഉത്തരവാദിയെന്നും പരാതിയില്‍ പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, സ്ഥാനക്കയറ്റം തടയല്‍, അസഭ്യം പറയല്‍, മര്‍ദന ശ്രമം എന്നിവയ്ക്ക് മോഹന്‍ കുമാറിനെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും ആഞ്ജനേയ ആവശ്യപ്പെട്ടു.
അതേസമയം സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും സ്‌പെഷല്‍ ഓഫിസര്‍മാര്‍ തമ്മിലുള്ള പോര് മുതലാക്കി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള പോരാട്ടം അതിരുകള്‍ ലംഘിക്കുന്നതായി ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കര്‍ണാടക നേതാക്കളിലുള്ള സര്‍വ നിയന്ത്രണവും ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു.