ഭദ്ര കടുവ സങ്കേതത്തില്‍ പെണ്‍കടുവ ചത്ത നിലയില്‍; അന്വേഷണത്തിന് വനംവകുപ്പ്
ഭദ്ര കടുവ സങ്കേതത്തില്‍ പെണ്‍കടുവ ചത്ത നിലയില്‍; അന്വേഷണത്തിന് വനംവകുപ്പ്
ബെംഗളൂരു: കര്‍ണാടകയിലെ ഭദ്ര കടുവസങ്കേതത്തില്‍ ഏഴ് വയസ്സുള്ള പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ലക്കവല്ലി റേഞ്ചില്‍ വ്യാഴാഴ്ച രാവിലെയോടെ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് കടിയേറ്റതിന്റെയും പരിക്കേറ്റതിന്റെയും പാടുകളുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് വനംവകുപ്പ് കരുതുന്നത്.
സാധാരണയായി ആണ്‍കടുവകള്‍ തമ്മിലാണ് അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ഏറ്റമുട്ടല്‍ ഉണ്ടാവുക. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ചുമതല പെണ്‍കടുവകള്‍ക്കാകും. ഈ സമയങ്ങളില്‍ സാധാരണയായി പെണ്‍കടുവകള്‍ തങ്ങളുടെ ജീവന്‍ സ്വയം അപകടത്തിലാക്കാറില്ല. അതിനാല്‍ ഭദ്ര കടുവ സങ്കേതത്തില്‍ പെണ്‍കടുവ ചത്ത സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ടിഷ്യു, രക്ത സാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ വന്നതിന് ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതര്‍ അറിയിച്ചു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വെടിയേറ്റതിന്റെയോ മറ്റോ പാട് കണ്ടെത്താത്തിനാല്‍ കടുവയുടെ മരണത്തിന് പിന്നില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വിലയിരുത്തല്‍. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സന്തോഷ് സാഗര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ് സുരിമത്ത്, വൈല്‍ഡ്കെയര്‍ ഫൗണ്ടേഷന്‍ ഹെഡ് മധു മൂഗുട്ടിഹള്ളി എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.