യാത്രക്കാരിക്ക് കറപിടിച്ച വൃത്തിഹീനമായ സീറ്റ് നല്‍കി; പരാതി വിമാന കമ്പനി അവഗണിച്ചു; ഇന്‍ഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
ഇന്‍ഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
ന്യൂഡല്‍ഹി: മോശം സേവനത്തിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കനത്ത പിഴ ചുമത്തി ഡല്‍ഹി കണ്‍സ്യൂമര്‍ ഫോറം. യാത്രക്കാരിക്ക് വൃത്തിയില്ലാത്ത സീറ്റ് നല്‍കിയതിനാണ് പിഴ. നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ പിഴ നല്‍കാനാണ് ഉത്തരവ്. പൂനം ചൗധരി അദ്ധ്യക്ഷയായ ന്യൂഡല്‍ഹി ഡിസ്ട്രിക്ട് കണ്‍സ്യൂമര്‍ ഡിസ്പൂട്ട്സ് റെഡ്രസല്‍ കമ്മിഷന്റേതാണ് ഉത്തരവ്. ബാക്കുവില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത പിങ്കി എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് നടപടി.
വിമാനത്തില്‍ തനിക്ക് വൃത്തിയില്ലാത്തതും അഴുക്ക് പിടിച്ചതും നിറം മങ്ങിയതുമായ സീറ്റാണ് നല്‍കിയതെന്നാണ് പിങ്കി പരാതിയില്‍ ഉന്നയിച്ചത്. ജനുവരി രണ്ടിന് അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.സീറ്റിന്റെ മോശം അവസ്ഥയെക്കുറിച്ച് വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
യാത്രക്കാരിക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ, പരാതി ഉയര്‍ന്നതിന് പിന്നാലെ പകരം സീറ്റ് നല്‍കിയെന്നും അറിയിച്ചു. സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെന്ന് ന്യൂഡല്‍ഹി ഡിസ്ട്രിക്ട് കണ്‍സ്യൂമര്‍ ഡിസ്പൂട്ട്സ് റെഡ്രസല്‍ കമ്മിഷന്‍ വ്യക്തമാക്കി.
യാത്രക്കാരി നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധിച്ചിരുന്നതായും ഇവര്‍ക്ക് മറ്റൊരുസീറ്റ് നല്‍കിയതായും ഇന്‍ഡിഗോ പറഞ്ഞു. എന്നാല്‍, വിമാനക്കമ്പനിയുടെ സേവനത്തില്‍ പോരായ്മുണ്ടായെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം നഷ്ടപരിഹാരം വിധിച്ചത്. യാത്രക്കാരി നേരിട്ട പ്രയാസത്തിനും വേദനയ്ക്കും മാനസികപ്രയാസത്തിനുമുള്ള നഷ്ടപരിഹാരമായാണ് കമ്പനി ഒന്നരലക്ഷം രൂപ നല്‍കേണ്ടതെന്നും ഉത്തരവിലുണ്ട്. ഇതിനുപുറമേ കോടതി ചെലവായി 25,000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ജൂലായ് ഒന്‍പതിന് നല്‍കിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. യാത്രക്കാരി നേരിട്ട മാനസിക പ്രയാസം, ശാരീരിക വേദന, അപമാനം എന്നിവ കണക്കിലെടുത്താണ് വിമാനക്കമ്പനിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. കോടതി ചെലവായി 25,000 രൂപ നല്‍കാനും ഫോറം ഉത്തരവിട്ടു.