റാഗ് ചെയ്യുന്നതിനിടെ ഷോക്കടിപ്പിച്ചു; കൊലപ്പെടുത്തുമെന്ന് ഭീഷണി; ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സീനിയേഴ്‌സ്
ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സീനിയേഴ്‌സ്
അമരാവതി: പാല്‍നാടു ജില്ലയിലെ സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ മറവില്‍ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തതായാണ് ആരോപണം.
വിദ്യാര്‍ഥിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയാണ് മര്‍ദിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികള്‍ വിഡിയോയില്‍ റാഗിങ് ചിത്രീകരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദാച്ചെപ്പള്ളി സര്‍ക്കാര്‍ ജൂനിയര്‍ കോളജിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കോളജിനു പുറത്തുള്ള ഒരാളും ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. ഇരയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കുകയാണ്. റാഗിങ്ങിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു. കോളജില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.