സംസ്ഥാന പദവി നല്‍കുന്നത് പരിശോധിക്കുമ്പോള്‍ നിലവിലെ സാഹചര്യവും കണക്കിലെടുക്കണം; പഹല്‍ഗാമില്‍ സംഭവിച്ചതും അതേത്തുടര്‍ന്നുണ്ടായ പ്രത്യാഘാതവും അവഗണിക്കാനാവില്ല; ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി: കേന്ദ്രം എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

Update: 2025-08-14 08:18 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള ഹര്‍ജികളില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. സംസ്ഥാന പദവി നല്‍കുന്നത് പരിശോധിക്കുമ്പോള്‍ നിലവിലെ സാഹചര്യവും കണക്കിലെടുക്കണമെന്നും പഹല്‍ഗാമില്‍ സംഭവിച്ചതും അതേത്തുടര്‍ന്ന് രാജ്യസുരക്ഷയിലുണ്ടായ പ്രത്യാഘാതവും അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദേശം.

തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കശ്മീരിലെ 'സവിശേഷ സാഹചര്യ'വും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കേന്ദ്രത്തിന്റെ മറുപടിക്കായി എട്ടാഴ്ച സമയം നല്‍കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഏറ്റവും വേഗം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന 2023 ഡിസംബറിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതി ഇന്നു വാദം കേട്ടത്. രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും കോടതി വിധി നടപ്പാക്കാന്‍ വൈകിപ്പിക്കുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Similar News