ഹുമയൂണിന്റെ ശവകുടീരത്തിനു സമീപത്തെ ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു; പരിക്കേറ്റവരില്‍ നാല് വയസുള്ള കുട്ടിയും

ഹുമയൂണിന്റെ ശവകുടീരത്തിനു സമീപത്തെ ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു; പരിക്കേറ്റവരില്‍ നാല് വയസുള്ള കുട്ടിയും

Update: 2025-08-15 14:33 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ ഹുമയൂണിന്റെ ശവകുടീരത്തിനു സമീപമുള്ള ദര്‍ഗയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഷരീഫ് പട്ടേ ഷാ ദര്‍ഗയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ദര്‍ഗയിലെ ഇമാം ഉള്‍പ്പെടെ ഇരുപതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പത്തോളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേരില്‍ നാല് വയസുള്ള ഒരു കുട്ടിയുമുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് ന്യൂഡല്‍ഹി ഫയര്‍ സര്‍വീസ് ഡിവിഷണല്‍ ഓഫീസര്‍ മുകേഷ് വര്‍മ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും എല്‍ എന്‍ ജെ പി ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ഹുമയൂണിന്റെ ശവകുടീരത്തോട് ചേര്‍ന്നല്ല അപകടം നടന്നതെന്ന് പുരാവസ്തു വകുപ്പ് വിഭാഗത്തിലെ ഉന്നതര്‍ വിശദീകരിച്ചു. ഹുമയൂണ്‍ ശവകുടീര സ്മാരകത്തിന്റെ മതില്‍കെട്ടിന് പുറത്താണ് അപകടം ഉണ്ടായത്. ശവകുടീരത്തിന് യാതൊരു കേടുപാടും ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Similar News