ബിഹാറിലെ ഡാക്കയില്‍ 80,000 മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി; ബിജെപി ആവര്‍ത്തിച്ച് നീക്കം നടത്തിയതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്

ബിഹാറിലെ ഡാക്കയിൽ 80,000 മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കി

Update: 2025-09-30 01:28 GMT

പട്ന: ബിഹാറില്‍ 80,000 മുസ്ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ റിപ്പോര്‍ട്ട്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ ഡാക്ക മണ്ഡലത്തില്‍ ഇതിനായി ബിജെപി ആവര്‍ത്തിച്ച് നീക്കം നടത്തിയതായും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മായ കളക്ടീവിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഡാക്കയിലെ ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റും മണ്ഡലത്തിലെ ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായ ധീരജ് കുമാറാണ് ശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപണം.

ഇന്ത്യന്‍പൗരരല്ലെന്നും വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്നയിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നിന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഔദ്യോഗിക കത്തയച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. സമഗ്ര തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള സമയപരിധിയിലാണ് മുസ്ലിംവോട്ടര്‍മാരെ നീക്കം ചെയ്യാനുള്ള നിവേദനങ്ങള്‍ ജില്ലാ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്ഷേപങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഓഗസ്റ്റ് 31-ന് ധാക്കയിലെ വോട്ടര്‍പട്ടികയില്‍നിന്ന് 78,384 മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ധീരജ് കുമാര്‍ ഒപ്പിട്ട് കത്തയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി സംസ്ഥാന ആസ്ഥാനത്തെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്തയച്ചത്. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 2.08 ലക്ഷം വോട്ടുകളില്‍ 10,114 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി ഡാക്ക സീറ്റ് ആര്‍ജെഡിയില്‍നിന്ന് പിടിച്ചെടുത്തത്.

Tags:    

Similar News