പ്രണയബന്ധത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റില്‍; കാമറയില്‍ പകര്‍ത്തിയ ആള്‍ക്കായി തിരച്ചില്‍
മീററ്റ്: പ്രണയബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റില്‍. പട്ടാപ്പകല്‍ യുവാവിനെ വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നാല് ദിവസം മുമ്പ് നടന്ന കൊലപാതകത്തിന്റെ 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 19 വയസ്സുള്ള സുല്‍ക്കമാറാണ് അറസ്റ്റിലായത്. എന്നാല്‍ കൊലപാതകം ചിത്രീകരിച്ച പ്രതി ഒളിവിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ പ്രണയബന്ധത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. വിഡിയോ എടുത്തത് 18 വയസ്സുള്ള യുവാവാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട ബാക്കി പ്രതികളെ കണ്ടെത്താന്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ലോഹിയ നഗറിലെ പൊലീസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ചന്ദ്ര പറഞ്ഞു.
ലിസാരി ഗേറ്റ് പ്രദേശത്ത് നിന്നുള്ള വസ്ത്ര വില്‍പ്പനക്കാരനായ ആദില്‍ എന്ന റെഹാനാണ് (25) വെടിയേറ്റ് മരിച്ചത്. റെഹാന് നേരെ വെടിയുതിര്‍ത്ത സുല്‍ക്കമാര്‍ മൂന്ന് തവണ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുന്നതും വിഡിയോയിലുണ്ട്. ലോഹിയ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നര്‍ഹാദ ഗ്രാമത്തിലെ വനപ്രദേശത്താണ് കൊലപാതകം നടന്നത്. സെപ്റ്റംബര്‍ 30 ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തെത്തുടര്‍ന്ന് നടന്ന ഒരു ഓപ്പറേഷനില്‍ പൊലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. വെടിവെപ്പിനിടെ സുല്‍ക്കമാറിന് പരിക്കേല്‍ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പ്രതി ആ സമയം ഓടി രക്ഷപ്പെട്ടു. വെടിവെക്കാന്‍ തന്നെ കൂട്ടുകാരന്‍ പ്രേരിപ്പിച്ചതാണെന്ന് സുല്‍ക്കമാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിയുടെ കൂട്ടാളിക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.