നെതന്യാഹുവിന് അഭിനന്ദനം; യുഎസ് മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Update: 2025-10-09 08:13 GMT

ന്യൂഡല്‍ഹി: യുഎസ് മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിലെ കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണെന്നും മോദി എക്‌സില്‍ കുറിച്ചു.

ബന്ദികളുടെ മോചനവും ഗാസയിലെ ജനങ്ങള്‍ക്ക് വര്‍ധിച്ച മാനുഷിക സഹായവും അവര്‍ക്ക് ആശ്വാസം നല്‍കുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു. ഡോണള്‍ഡ് ട്രംപിനെയും നെതന്യാഹുവിനെയും ടാഗ് ചെയ്തുകൊണ്ടാണ് മോദി എക്സില്‍ കുറിച്ചത്. ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. കരാര്‍ പ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സൈന്യത്തെ ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു.

Similar News