എല്ലാ വീടുകളിലും സര്‍ക്കാര്‍ ജോലിയുള്ള ഒരംഗം; സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനകം നിയമം; ബിഹാറില്‍ വമ്പന്‍ വാഗ്ദാനവുമായി തേജസ്വി

Update: 2025-10-09 11:16 GMT

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം മുറുകവെ ബിഹാറില്‍ വമ്പന്‍ വാഗ്ദാനവുമായി ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടുന്ന സഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം.

''20 വര്‍ഷമായി യുവാക്കള്‍ക്കു ജോലി നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാരിനു സാധിക്കുന്നില്ല. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും സര്‍ക്കാര്‍ ജോലിയുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്‍കുകയാണ്. സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനകം ഇതിനായി നിയമമുണ്ടാക്കും. 20 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറില്‍ ഉണ്ടാകില്ല.'' തേജസ്വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഞാന്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ സര്‍ക്കാരിന്റെ ഭാഗമായുണ്ടായിരുന്ന ചെറിയ കാലത്തില്‍ അഞ്ചുലക്ഷം പേര്‍ക്കാണു തൊഴില്‍ നല്‍കിയത്. എനിക്ക് അഞ്ചുവര്‍ഷം സമയം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ സങ്കല്‍പ്പിച്ചു നോക്കൂ'' തേജസ്വി പറഞ്ഞു. ബിഹാറില്‍ നവംബര്‍ 6നും നവംബര്‍ 11നുമായി രണ്ടുഘട്ടത്തിലാണ് വോട്ടെടുപ്പ്. നവംബര്‍ 14നാണ് ഫലപ്രഖ്യാപനം.

Similar News