ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി ബംഗ്ലാദേശ് നാവികസേന; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം
ധാക്ക: ആന്ധ്രാപ്രദേശിലെ എട്ട് മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് നാവികസേന കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. വിജയനഗരം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാം മോഹന്‍ നായിഡു വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടത്തിവരുന്നുണ്ട്.