1984-ലെ മദ്രാസ് വിമാനത്താവള സ്‌ഫോടനത്തിന് സമാനമായത് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സന്ദേശം; ജിദ്ദ-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനത്തിന് 'മനുഷ്യബോംബ്' ഭീഷണി; വ്യാജമെന്ന് തെളിഞ്ഞു
ഹൈദരാബാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് 'മനുഷ്യബോംബ്' ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം മുംബൈയില്‍ സുരക്ഷിതമായി ഇറക്കി. ഭീഷണി വ്യാജമെന്നാണ് വിലയിരുത്തല്‍.
ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണി ഇമെയില്‍ ലഭിച്ചത്. ഇന്‍ഡിഗോയുടെ 6 ഇ 68 വിമാനം ഹൈദരാബാദില്‍ ഇറങ്ങുന്നത് തടയണമെന്നും വിമാനത്തില്‍ എല്‍ടിടിഇ-ഐഎസ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1984-ലെ മദ്രാസ് വിമാനത്താവള സ്‌ഫോടനത്തിന് സമാനമായ വന്‍ സ്ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ട് എന്നുമാണ് ഇമെയിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
വിമാനത്താവള അധികൃതര്‍ ഉടന്‍തന്നെ എല്ലാ സുരക്ഷാ ഏജന്‍സികളെയും വിവരമറിയിക്കുകയും വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുകയുമായിരുന്നു. മുംബൈയില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം വിശദമായ സുരക്ഷാ പരിശോധനകള്‍ നടത്തി.
പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല എന്ന് പൊലീസ് അറിയിച്ചു. വിമാനക്കമ്പനി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്‍ഡിഗോ അറിയിച്ചു.