നവവധുവിനെ കാറില്‍ കടത്തിക്കൊണ്ടുപോയ സംഭവം; സഹോദരിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

നവവധുവിനെ കാറില്‍ കടത്തിക്കൊണ്ടുപോയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2025-12-12 04:19 GMT

ഈറോഡ്: ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ നവവധുവിനെ കാറില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സഹോദരിയടക്കം അഞ്ചുപേര്‍ പോലീസ് പിടിയിലായി. ഈറോഡിനടുത്ത് പെരുന്തുറൈയിലാണ് സംഭവം. നവവധുവായ മഹാലക്ഷ്മിയെ (21) തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സഹോദരി കൗസല്യ (25), ഇവരുടെ ഭര്‍ത്താവ് സന്തോഷ് (26), സുഹൃത്തുക്കളായ സാദിഖ് (27), ലോഗേശ്വരന്‍ (21), ധനപാല്‍ (45) എന്നിവരാണ് പെരുന്തുറൈ പോലീസിന്റെ പിടിയിലായത്.

അന്തിയുര്‍ മുത്തരസന്‍കുട്ടയില്‍ താമസിക്കുന്ന സേതുരാജും മഹാലക്ഷ്മിയും പ്രണയത്തിലാകുകയും വീട്ടുകാരുടെ സമ്മതമില്ലാതെ പെരുന്തുറൈയിലെ ക്ഷേത്രത്തില്‍വെച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുവരും വിവാഹിതരുമായി. കല്ല്യാണ ശേഷം ഇരുവരും പെരുന്തുറൈയില്‍ ഒരു വാടകവീട്ടിലായിരുന്നു താമസം. എന്നാല്‍ മഹാലക്ഷ്മിയുടെ ബന്ധുക്കള്‍ക്ക് ഈ കല്ല്യാണം അംഗീകരിക്കാനായില്ല.

ഇതേ തുടര്‍ന്ന് കൗസല്യയും മറ്റുനാലുപേരും ചേര്‍ന്ന് പെരുന്തുറൈ ബസ്സ്റ്റാന്‍ഡിലേക്ക് മഹാലക്ഷ്മിയെ വിളിച്ചുവരുത്തുകയും ബലമായി ഇവര്‍വന്ന കാറില്‍ക്കയറ്റി കടന്നുകളഞ്ഞതായും പറയുന്നു. തുടര്‍ന്ന്, മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന സേതുരാജ് പെരുന്തുറൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസന്വേഷണത്തില്‍ മഹാലക്ഷ്മി സത്യമംഗലത്തുള്ള ലോകേശ്വരന്റെ വീട്ടിലുള്ളതായി വിവരംകിട്ടി. സ്ഥലത്തെത്തിയ പോലിസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. മഹാലക്ഷ്മിയെ സേതുരാജിനൊപ്പം വിട്ടയച്ചു.

Tags:    

Similar News