യുവതിയെ കാണാതായതിന് കാമുകനെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ കെട്ടിയിട്ട് തല്ലി; യുവാവ് ജീവനൊടുക്കി
യുവതിയെ കാണാതായതിന് കാമുകനെ കെട്ടിയിട്ട് തല്ലി; യുവാവ് ജീവനൊടുക്കി
മൈസൂരു: യുവതിയെ കാണാതായതിനെച്ചൊല്ലി ബന്ധുക്കളും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് കടത്തിക്കൊണ്ടു പോയി കെട്ടിയിട്ടു തല്ലിയ യുവാവ് ജീവനൊടുക്കി. നാഗേന്ദ്ര എന്ന 23കാരനാണ് ജീവനൊടുക്കിയത്. ടി. നരസിപുര താലൂക്കിലെ ബന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബി. സീഹള്ളി ഗ്രാമത്തിലാണ് സംഭവം. ബി. സീഹള്ളിയിലെ ജയരാമുവിന്റെയും മഞ്ജുളയുടെയും മകനായ നാഗേന്ദ്ര വീട്ടിലെ പശുത്തൊഴുത്തില്‍ തൂങ്ങിമരിക്കുക ആയിരുന്നു.
നാഗേന്ദ്ര പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ ക്രിസ്മസ് ദിവസംമുതല്‍ കാണാതായിരുന്നു. ഈ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത് നാഗേന്ദ്രയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മകളെ തേടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നാഗേന്ദ്രയുടെ വീട്ടിലെത്തി. മകള്‍, അവിടെയില്ലെന്നു മനസ്സിലാക്കിയ അവര്‍ മടങ്ങിപ്പോയി. തുടര്‍ന്ന് വൈകീട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയ്കുമാറും മഞ്ജു എന്ന മറ്റൊരാളും നാഗേന്ദ്രയുടെ വീട്ടിലെത്തി യുവാവിനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ജയ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെത്തിച്ചു.
അവിടെവെച്ച് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നാഗേന്ദ്രയുടെ കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും യുവാവിന്റെ രണ്ടുഫോണുകളും പിടിച്ചുവാങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പരാതിനല്‍കിയിട്ടുണ്ട്. മകനെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞപ്പോള്‍, തങ്ങള്‍ ഗ്രാമനേതാക്കളാണെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ജയ്കുമാറും മഞ്ജുവും പറഞ്ഞതായി മഞ്ജുള പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് നാഗേന്ദ്ര കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. എന്നാല്‍ സംഭവം പുത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഗ്രാമം വിട്ടുപോകണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും മഞ്ജുള പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് നാഗേന്ദ്ര കടുത്ത തീരുമാനമെടുത്തത്. സംഭവത്തില്‍ ബന്നൂര്‍ പോലീസ് കേസെടുത്തു. കാണാതായ പെണ്‍കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
