ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കിയത് ഇന്ത്യയെ തകര്‍ക്കാനെന്ന് അഭിഷേക് ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമീഷണര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. രാജ്യത്തെ തകര്‍ക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ കേന്ദ്രം അയച്ചിരിക്കുന്നതെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെയാണ് ഇപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചിരിക്കുന്നത്. ഇത് കേവലം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും അഭിഷേക് ബാനര്‍ജി ചൂണ്ടിക്കാട്ടി. മറിച്ച് ശ്രദ്ധാപൂര്‍വം ഡിസൈന്‍ ചെയ്ത ഒരു സ്‌ക്രിപ്റ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റേത് ഒരിക്കലും ഒരു നിയമനമായി കണക്കാക്കാനാകില്ല. അതൊരു നുഴഞ്ഞുകയറ്റമാണ്. ഭരണഘടനയെ തകര്‍ത്തു തരിപ്പണമാക്കുകയാണ് അയാളില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഭരണഘടന സ്ഥാനപനങ്ങള്‍ തച്ചുതകര്‍ക്കുക, ജനാധിപത്യം ഇല്ലാതാക്കുക, റിപ്പബ്ലിക്കിന്റെ അടിത്തറ തന്നെ ഹൈജാക്ക് ചെയ്യുക...ഇതൊക്കെയാണ് അയാളുടെ ചുമതലകള്‍.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നക്‌സസ് തകര്‍ത്തുകളയണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.