ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസിയായ 50കാരനെ വെട്ടിക്കൊന്ന് 18കാരി
അയല്‍വാസിയായ 50കാരനെ വെട്ടിക്കൊന്ന് 18കാരി
കാണ്‍പുര്‍: പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ 18കാരി വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ബബേരു ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. അയല്‍വാസിയായ അമ്പതുകാരനെ വെട്ടിക്കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് അയല്‍വാസി അതിക്രമിച്ച് വീട്ടില്‍ കയറി പീഡനശ്രമം നടത്തിയത്.
വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30നാണ് സുഖ്‌റാം പ്രജാപതി (50) പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ വീടിനകത്തേയ്ക്ക് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടി. പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ഭയന്നു പോയ പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് പെണ്‍കുട്ടി സ്വയം രക്ഷയ്ക്ക് വേണ്ടി ഇയാളെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് പെണ്‍കുട്ടി സുഖ്‌റാമിനെ ആക്രമിച്ചത്. അടിയേറ്റ് നിലത്തുവീണപ്പോള്‍ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആയുധവുമായി പെണ്‍കുട്ടി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ചയാളുടെ ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ കൊലപാത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.