അതിരുവിട്ട് പുതുവത്സരാഘോഷം; ക്ഷേത്രത്തില്‍ പാട്ടുവെച്ച് അശ്ലീലനൃത്തം; വൈറല്‍ ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഭക്തരുടെ പ്രതിഷേധം; ആന്ധ്രയില്‍ ക്ഷേത്ര ജീവനക്കാര്‍ക്കെതിരേ കേസ്

Update: 2026-01-06 13:33 GMT

അമരാവതി: പുതുവത്സര ആഘോഷത്തിന്റെ പേരില്‍ ക്ഷേത്ര പരിസരത്ത് പാട്ടുവെച്ച് അശ്ലീലനൃത്തം ചെയ്ത സംഭവത്തില്‍ ശ്രീശൈലം മല്ലികാര്‍ജുന അന്നസത്രയിലെ ജീവനക്കാര്‍ക്കെതിരേ കേസെടുത്ത് ആന്ധ്രപ്രദേശ് പോലീസ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ പ്രതിഷേധവുമായി ഭക്തര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പുണ്യ തീര്‍ഥാടന കേന്ദ്രത്തിന്റെ പരിസരത്ത് അശ്ലീല നൃത്തം അവതരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ശ്രീശൈലം ക്ഷേത്രവുമായി ബന്ധപ്പെട്ട സൗജന്യഭക്ഷണ സേവനകേന്ദ്രമാണ് മല്ലികാര്‍ജുന അന്നസത്ര. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അഞ്ച് ജീവനക്കാര്‍ക്കെതിരേ കേസെടുത്തത്. ക്ഷേത്ര നിയമങ്ങളും എന്‍ഡോവ്‌മെന്റ് ആക്ടിലെ വ്യവസ്ഥകളും ലംഘിച്ചതിന് അന്നസത്ര ജീവനക്കാര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിനകത്തോ അനുബന്ധ പരിസരത്തോ നൃത്തം ചെയ്യുന്നതോ റീല്‍സ് റെക്കോര്‍ഡുചെയ്യുന്നതോ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ശ്രീശൈലം ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീനിവാസ് റാവു പറഞ്ഞു. ക്ഷേത്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ക്ഷേത്ര അധികൃതരുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, പുതുവത്സര സമയത്ത് ജീവനക്കാര്‍ നിയമങ്ങളും മര്യാദകളും ലംഘിച്ചു. ഇത് ഭക്തര്‍ക്കിടയില്‍ വലിയ രോഷത്തിന് കാരണമായിട്ടുണ്ടെന്ന് ക്ഷേത്ര അധികാരി പറഞ്ഞു. ജീവനക്കാരുടെ പ്രവൃത്തികള്‍ ഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് മല്ലികാര്‍ജുന അന്നസത്ര ചെയര്‍മാന്‍ ശ്യാം പറഞ്ഞു. അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം അഞ്ച് ജീവനക്കാരെയും അവരുടെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Similar News