സാമ്പത്തിക ബാധ്യത; അമ്മയേയും സഹോദരങ്ങളേയും കൊലപ്പെടുത്തിയ ശേഷം പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി 25കാരന്‍
അമ്മയേയും സഹോദരങ്ങളേയും കൊലപ്പെടുത്തിയ ശേഷം സ്‌റ്റേഷനിലെത്തി കീഴടങ്ങി 25കാരന്‍
ന്യൂഡല്‍ഹി: അമ്മയേയും സഹോദരങ്ങളേയും അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം 25കാരന്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമ്മ കവിത, അനിയത്തി മേഘ്‌ന, അനിയന്‍ മുകുല്‍ എന്നിവരെയാണ് മൂത്ത മകനായ യാഷ്ബീര്‍ സിങ് കൊല ചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവം. കൊലയ്ക്ക് ശേഷം പ്രതി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുക ആയിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞആണ് സംഭവം. ട്രെക്ക് ഡ്രൈവറായ പ്രതിയുടെ പിതാവ് ആറു മാസമായി കുടുംബത്തോടൊപ്പമല്ല താമസമെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറായിരുന്ന യാഷ്ബിറിനു ആറു മാസമായി ജോലിയില്ലായിരുന്നു. ഇതാവാം കൊലയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ നിരവധി തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇന്നലെ വെകുന്നേരം അഞ്ചു മണിക്കാണ് പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. തുടര്‍ന്ന് പൊലീസ് സുഭാഷ് ചൗക്കിലുള്ള വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ മൂന്നു മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വിഷ വിത്തുകള്‍ കലര്‍ത്തിയ പലഹാരം മൂന്നു പേര്‍ക്കും നല്‍കിയതായും പിന്നീട് ഇവര്‍ ബോധക്ഷയരാവുകയും മരിക്കുകയുമായിരുന്നെന്ന് പ്രതി പൊലീസിനു മൊഴി നല്‍കി.
കൊലപാതക സമയത്ത് പ്രതിയുടെ ഭാര്യ സ്ഥലത്തിലായിരുന്നെന്നും അവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.