ഡല്‍ഹിയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ വന്‍ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ചു. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; പ്രദേശം പോലീസ് നിയന്ത്രണത്തില്‍.

Update: 2026-01-07 07:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹി രാംലീല മൈതാനത്തിന് സമീപമുള്ള പള്ളി ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം. തുര്‍ക്ക്മാന്‍ ഗേറ്റിലെ സയിദ് ഫൈസ് ഇലാഹി മസ്ജിദിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതോടെ സ്ഥിതിഗതികള്‍ വഷളായി. അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

2025 നവംബറിലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. രാംലീല ഗ്രൗണ്ടിന് സമീപമുള്ള 38,940 ചതുരശ്ര അടി ഭൂമിയിലെ കൈയേറ്റങ്ങള്‍ മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ 30 ബുള്‍ഡോസറുകളും മുന്നൂറോളം ഉദ്യോഗസ്ഥരുമായി എത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്.

ഭൂമി വഖഫ് സ്വത്താണെന്നും വര്‍ഷങ്ങളായി വഖഫ് ബോര്‍ഡിന് പാട്ടം നല്‍കുന്നുണ്ടെന്നുമാണ് മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ വാദം. എന്നാല്‍, 1940-ല്‍ പാട്ടത്തിന് നല്‍കിയ 0.195 ഏക്കര്‍ ഭൂമിക്ക് പുറത്തുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ മാത്രമാണ് പൊളിച്ചുനീക്കുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരമുള്ള നടപടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar News