എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കൂ; ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയതിന്റെ പ്രശ്നങ്ങള്‍ നമ്മള്‍ ഇപ്പോള്‍ നേരിടുകയാണ്; നവദമ്പതിമാരോട് അഭ്യര്‍ത്ഥിച്ച് ഉദയനിധി സ്റ്റാലിന്‍

എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കൂ

Update: 2025-03-12 13:34 GMT

ചെന്നൈ: ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്നാട് ഇപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഒരു സമൂഹ വിവാഹത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഉദയനിധി. വിവാഹിതാരാകാന്‍ പോവുന്ന ദമ്പതിമാര്‍ എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വരാനിരിക്കുന്ന മണ്ഡലപുനര്‍നിര്‍ണയവും അതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

'2026 തിരഞ്ഞെടുപ്പില്‍ നമ്മള്‍ 200 ല്‍ ഏറെ സീറ്റുകളില്‍ വിജയിക്കും. വിവാഹിതരാകാന്‍ പോവുന്ന ദമ്പതിമാര്‍ എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നമ്മുടെ സംസ്ഥാനമാണ് ജനസംഖ്യാ നിയന്ത്രണം ഏറ്റവും ആദ്യം നടപ്പാക്കിയത്. അതിന്റെ പ്രശ്നങ്ങള്‍ നമ്മള്‍ ഇപ്പോള്‍ നേരിടുകയാണ്.' ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയത്തില്‍ തമിഴ്നാടിന് എട്ട് സീറ്റുകളോളം നഷ്ടമാവുമെന്ന് ഉദയനിധി പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നൂറോളം സീറ്റുകള്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു. വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ അപേക്ഷിച്ചെങ്കിലും അധികം കുട്ടികള്‍ പാടില്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും തമിഴ് വ്യക്തിത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട് അദ്ദേഹം നല്‍കി.

2029 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News